മുംബൈ: നവി മുംബൈയില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരു ബാസ്‌കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് നടത്തിയ തിരച്ചലില്‍ റോഡരികില്‍ നീല നിറമുള്ള ബാസ്‌ക്കറ്റിലാണ് കുഞ്ഞ് കിടക്കുന്നതായി കണ്ടെത്തി. ശനിയാഴ്ച ഒരുപ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ ബാസ്‌ക്കറ്റില്‍ നിന്ന് ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പും കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന മാതാപിതാക്കളുടെ ക്ഷമാപണമാണ് കുറിപ്പിലുണ്ടായിരുന്നത്. പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ച ശേഷം ശിശു ക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞ് ആരോഗ്യവതിയാണെന്ന് അധികൃതര്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
