ജയ്പുർ: ഉത്തരാഖണ്ഡ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റിന്റെ മരണാനന്തര ചടങ്ങിനിടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു. രാജ് വീർ സിങ് ചൗഹാന്റെ മാതാവ് വിജയലക്ഷ്മിയാണ് മകന്റെ 13ാം ചരമദിന ചടങ്ങുകൾക്കിടെ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. രാജസ്ഥാൻ ജയ്പുരിലെ ശാസ്ത്രി നഗറിലെ വീട്ടിലാണ് സംഭവം. മകന്റെ മരണം മാനസികമായി ഉൾക്കൊള്ളാൻ വിജയലക്ഷ്മിക്ക് സാധിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. ഇതോടെ ആരോഗ്യവും ക്ഷയിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തളർന്ന നിലയിലായിരുന്നു.
ജൂൺ 15 നാണ് കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും ഗുപ്തകാശിയിലേക്കുള്ള യാത്രയ്ക്കിടെ രാജ് വീർ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണത്.