ഹൈദരാബാദ്: വിവാഹ വാഗ്ദാനം പാലിക്കാൻ കഴിയാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. തുടക്കം മുതൽ വഞ്ചിക്കാനുള്ള ഉദ്ദേശമാണുണ്ടായിരുന്നതെന്ന് തെളിഞ്ഞാൽ മാത്രമേ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനു കേസെടുക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ രാജാപുരം ജീവൻ റെഡ്ഡി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
2019ൽ പദ്മിനി റെഡ്ഡി എന്ന യുവതി നൽകിയ പരാതിയിൽ തനിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചതിനെ ചോദ്യം ചെയ്താണ് റെഡ്ഡി കോടതിയെ സമീപിച്ചത്. 2016ൽ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം നൽകിയിരുന്നതായും പിന്നീട് വഞ്ചിച്ചെന്നുമാണ് പത്മിനി റെഡ്ഡി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ജീവൻ റെഡ്ഡിക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തു. കേസിന്റെ വിചാരണ എൽബി നഗർ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് ജീവൻ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടെയും വാദങ്ങൾ കേട്ട ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
