പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുമായി എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് ധാരണയില്‍; രണ്ടു പുതുതലമുറ കോഴ്സുകള്‍ ഈ വര്‍ഷം

കാസര്‍കോട്: 32 വര്‍ഷമായി കാസര്‍കോട് പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ്-ലോകത്തിലെ പ്രശസ്ത ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുമായി ധാരണയിലെത്തുന്നു. അന്തര്‍ദേശിയ തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തി, ഈ വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ബിസിനസ് സിസ്റ്റംസ് എന്നീ രണ്ടു പുതുതലമുറ കോഴ്സുകള്‍ എല്‍ബിഎസില്‍ ആരംഭിക്കുന്നു.
സര്‍ക്കാരിന്റെ അഞ്ചാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 2025 ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് മന്ത്രി ഡോ.ആര്‍ ബിന്ദു കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ പുതുതലമുറ കോഴ്സുകള്‍, പുതിയ ക്ലാസ്റൂം ബ്ലോക്ക്, ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റംസ്, നവീകരിച്ച ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മന്റ് ബ്ലോക്ക് എന്നിവ ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന് എന്‍ബിഎ അക്രഡിറ്റേഷന്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. 2024-25 അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മന്ത്രി അനുമോദിക്കും. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെ അക്കാദമിക് അല്ലിയന്‍സ് ഗ്രൂപ്പ് മേധാവി ഡോ. സുശീന്ദ്രന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. സാധാരണ കോഴ്സുകളില്‍ നിന്നും വ്യത്യസ്തമായി ഈ കോഴ്സുകളുടെ രൂപകല്‍പ്പനയിലും നടത്തിപ്പിനും വ്യാവസായിക ലോകത്തിന്റെ സഹകരണം ഉറപ്പിക്കുന്നതിനു വേണ്ടി ലോക പ്രശസ്ത ഐ.ടി കമ്പനി ആയ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസുമായി ചടങ്ങില്‍ ധാരണാപത്രം ഒപ്പുവെക്കും.
ലോകത്തിലെ പുത്തന്‍ വ്യാവസായിക വ്യാപാര ക്രമത്തിന് ഉതകുന്ന തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗിക്കുക എന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ വിദഗ്ധരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ധാരണാപത്രം ഒപ്പുവെക്കുന്നതോടു കൂടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അധ്യാധുനിക സാങ്കേതിക വിദ്യകളില്‍ ടി.സി.എസ് നേരിട്ട് പരിശീലനം നല്‍കും. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭിക്കാനും മികച്ച തൊഴിലവസരങ്ങള്‍ സ്വായത്തമാക്കാനും സംരംഭമായി വളര്‍ന്നുവരാനും ധാരണാപത്രം ഉപകാരപ്പെടും.
വ്യാവസായിക ലോകവുമായി സഹകരിച്ചു കൊണ്ട് ബിരുദകോഴ്സുകള്‍ നടത്തുന്ന കേരളത്തിലെ അപൂര്‍വ്വം ചില കോളേജുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് കാസര്‍കോട് എല്‍ബിഎസ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

👍

RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page