കോഴിക്കോട്: ഒന്നരവര്‍ഷം മുമ്പു നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ നിന്നു കോഴിക്കോടു മെഡിക്കല്‍ കോളേജ് പൊലീസ് കണ്ടെടുത്തു. മൂന്നു പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മുഖ്യ പ്രതിയടക്കം രണ്ടു പേരെ കൂടി പിടികൂടാന്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തു താമസിച്ചിരുന്ന ഹേമചന്ദ്രനു മറ്റു ചിലരുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു. അതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു സംശയിക്കുന്നു. ഇക്കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 2024 മാര്‍ച്ച് 20നാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. പെണ്‍സുഹൃത്തിനെക്കൊണ്ട് ഹേമചന്ദ്രനെ വിളിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിന് സമീപമെത്തിയ ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. അതിനു ശേഷം ഹേമചന്ദ്രനെ കുറിച്ചു ഒരു വിവരവുമില്ലാതെയാവുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ഹേമചന്ദ്രന്റെ ഭാര്യ ഭര്‍ത്താവിനെ കാണാത്തതു സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് പരാതിപ്പെട്ടു. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ഹേമചന്ദ്രന്റെ ഫോണ്‍കോള്‍ രേഖകളും സംഭവത്തില്‍ പങ്കാളികളെന്നു സംശയിക്കുന്നവരുടെ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്, ചേരമ്പാടി വനമേഖലയില്‍ നിന്നു ഹേമചന്ദ്രന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

🙄