കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. വൊര്‍ക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരയുടെ മകന്‍ മെല്‍വിന്‍ മൊന്തേര (34)യെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. മാതാവിനെ കൊലപ്പെടുത്തി അയല്‍വാസിയും ബന്ധുവുമായ ലൊളിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താനും ശ്രമിച്ച ശേഷം വൊര്‍ക്കാടിയില്‍ നിന്ന് ബസില്‍ കയറി രക്ഷപ്പെട്ട പ്രതിയെ 200 കിലോമീറ്റര്‍ അകലെ കര്‍ണ്ണാടകയില്‍ വച്ചാണ് വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ബുധനാഴ്ച രാത്രിയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവ് ഹില്‍ഡ മൊന്തേരോ (60)യുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് കൊലപാതക വിവരം നാട്ടുകാര്‍ അറിഞ്ഞത്. കൃത്യത്തിന് ശേഷം വൊര്‍ക്കാടിയില്‍ നിന്ന് മഞ്ചേശ്വരത്തും അവിടെ നിന്ന് മംഗ്ളൂരുവിലും എത്തി. പിന്നീട് വിവിധ ബസുകളില്‍ കയറി രക്ഷപ്പെടുന്നതിനിടയിലാണ് പ്രതി വലയിലായത്.
കൊലപാതക വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി, പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് സംഘം എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം ഹില്‍ഡയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പൊലീസിന്റെ തന്ത്രപരമായ ഇടപെടലാണ് നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കം പിടികൂടാന്‍ കഴിഞ്ഞത്. പ്രതിയെ മഞ്ചേശ്വരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൊലപാതകത്തിന് ഇടയാക്കിയ കാരണം എന്താണെന്ന് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
