ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തി വിവരങ്ങള്‍ പങ്കുവെച്ച നാവികസേന ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍. ഹരിയാന സ്വദേശി വിശാല്‍ യാദവിനെ രാജസ്ഥാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടി വര്‍ഷങ്ങളോളം ചാരപ്പണി നടത്തിയതായും ഓപ്പറേഷന്‍ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഡല്‍ഹിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു ഇയാള്‍ പണമിടപാട് നടത്തിയിരുന്നതെന്നും കണ്ടെത്തി. പിടികൂടിയ വ്യക്തി നാവികസേനയുടെ മുംബൈ ആസ്ഥാനത്ത് ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ രാജസ്ഥാനിലെ സിഐഡി രഹസ്യാന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. പ്രിയ ശര്‍മ്മ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ, തന്ത്രപരമായ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അദ്ദേഹത്തിന് പണം നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിശാല്‍ യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിന് അടിമയായിരുന്നുവെന്നും നഷ്ടം നികത്താന്‍ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
