ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്. 28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരിക്കുന്നത്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. 60 ബഹിരാകാശ പരീക്ഷണങ്ങള്‍ ആണ് അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഒപ്പം പരീക്ഷണത്തിനായി കേരളത്തിന്റെ സ്വന്തം നെല്ലും പയറും ദൗത്യത്തിലുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 കുതിച്ചുയര്‍ന്നത് യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു.
ഡോക്കിങ്ങ് വിജയകരമായാതിനാല്‍ നിലയത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഒരു മണിക്കൂര്‍ സമയമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങള്‍ മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗമനിര ഭൗതികശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങി 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തും. ഇതില്‍ ഇന്ത്യയുടെ ഏഴ് പരീക്ഷണങ്ങളുമുണ്ട്. കൂടാതെ കേരളത്തിന്റെ തനതായ ആറ് വിത്തിനങ്ങളും പരീക്ഷണത്തിനുണ്ട്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയും തിരുവനന്തപുരം ഐഐഎസ്ടിയും ചേര്‍ന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ എത്തിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍
ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.
