തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവക്കാരികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി.ഇവർ പണം തട്ടിയതിനു തെളിവുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി ഇന്ന് പരിഗണിക്കും.ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസാണിത്. 2024 ജനുവരി 1 മുതൽ 2025 ജൂൺ 3 വരെ പണം 3 പേരുടെയും അക്കൗണ്ടിലേക്ക് എത്തി. തുടർന്ന് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പരാതി ഉയർന്നതിനു പിന്നാലെ ദിയയും അച്ഛനും ബിജെപി നേതാവുമായ കൃഷ്ണകുമാറും ജാതീയമായി അധിക്ഷേപിച്ചതായും തട്ടിക്കൊണ്ടുപോയതായും ആരോപിച്ച് ഇവരും പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പണം എടുത്തതായി ജീവനക്കാർ കുറ്റസമ്മതം നടത്തുന്നതിന്റെ വിഡിയോ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടിരുന്നു.
