കാസര്‍കോട്: കണ്ണൂരിനു വടക്കുള്ള പ്രദേശങ്ങളോടു റെയില്‍വെ അവഗണന തുടരുകയാണെന്ന് ആക്ഷേപം രൂക്ഷമാവുന്നു. വൈകിട്ട് 5.10 കഴിഞ്ഞാല്‍ പുലര്‍ച്ചെ 1.10 വരെ ട്രെയിന്‍ സര്‍വ്വീസില്ലാത്ത കോഴിക്കോട്-കാസര്‍കോട് റൂട്ടില്‍ ട്രെയിന്‍ അനുവദിക്കണമെന്ന നിരന്തര ആവശ്യം നിലനില്‍ക്കെ റെയില്‍വെ അധികൃതര്‍ കോഴിക്കോടു നിന്നു പാലക്കാട്ടേക്കു ട്രെയിന്‍ സര്‍വ്വീസ് നീട്ടിക്കൊടുത്തു.
സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ നിന്നെത്തുന്ന ട്രെയിനുകളിലധികവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ഒന്‍പതു ട്രെയിനുകള്‍ ഇത്തരത്തില്‍ യാത്ര അവസാനിപ്പിക്കുന്നു. അത് കാസര്‍കോട്, മംഗ്ളൂരു യാത്രക്കാര്‍ക്കു ദുരിതം വര്‍ധിപ്പിക്കുകയാണ്. കണ്ണൂരില്‍ നിന്ന് ഒരു പാസഞ്ചര്‍ വണ്ടി മാത്രമാണ് കാസര്‍കോട്-മംഗ്ളൂരു റൂട്ടില്‍ നിലവിലുള്ളത്.
