മുംബൈ: നീറ്റ് പരീക്ഷയുടെ മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിനു 17 വയസ്സുകാരിയെ അധ്യാപകനായ പിതാവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി സാധ്ന ഭോൺസ്ലെയാണ് മരിച്ചത്.പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 % മാർക്ക് നേടി വിജയിച്ച സാധ്ന പ്ലസ്ടു പഠനത്തിനൊപ്പം നീറ്റ് പരീക്ഷയ്ക്കും തയാറെടുക്കുകയായിരുന്നു. ഇതിനായുള്ള മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതാണ് അധ്യാപകനായ പിതാവ് ധോണ്ടിറാം ഭോൺസ്ലയെ പ്രകോപിപ്പിച്ചത്. വടികൊണ്ട് സാധ്നയെ ക്രൂരമായി മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാധ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
