കൊല്‍ക്കത്ത: ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിൽ ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ഷിബ്‌നിബാസ് ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം അംഗീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പെണ്‍കുട്ടി നേരത്തെയും ഇതേ യുവാവിനൊപ്പം ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. തന്റെ സമ്മതമില്ലാതെ ഉറപ്പിച്ച വിവാഹത്തിന് തയ്യാറല്ലെന്ന് പെൺകുട്ടി പറയുകയും കുടുംബത്തിന്റെ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാവിനൊപ്പം ഇറങ്ങിപ്പോയത്. ഒളിച്ചോടി വിവാഹംകഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു. അടുത്ത ബന്ധുക്കള്‍ തല മുണ്ഡനം ചെയ്യുന്നതുള്‍പ്പെടെയുളള ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍ നിന്നുളള പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു മരണാനന്തര ചടങ്ങുകള്‍. പെണ്‍കുട്ടിയുടെ മാലയിട്ട ചിത്രവും ചടങ്ങില്‍ വെച്ചിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തിരുന്നു. മരണാനന്തര ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
