ചെന്നൈ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ദാരുണമായ സംഭവം. തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്.
