കുമ്പളയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; സംഘര്‍ഷത്തിനെത്തിയ യുവാവ് പിടിയില്‍

കാസര്‍കോട്: വിദ്യാര്‍ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം കുമ്പളയില്‍ പൊലീസിനും വ്യാപാരികള്‍ അടക്കമുള്ളവര്‍ക്കും തലവേദനയാകുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഒരു വിദ്യാര്‍ഥിനിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരുസംഘം പത്താംക്ലാസ് വിദ്യാര്‍ഥികളും പ്ലസ് വണ്‍ വിദ്യാര്‍ഥികളുമാണ് കുമ്പള ടൗണില്‍ വച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇത് പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. പുറത്തുനിന്ന് എത്തിയ യുവാക്കളും സംഘര്‍ഷത്തിനെത്തിയിരുന്നു. ടൗണിലെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും ഇടപെട്ടിട്ടും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ഥികളോടു ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കിയില്ല. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. ഇതോടെ സ്ഥിതി ശാന്തമാവുകയായിരുന്നു. സംഘര്‍ഷത്തിനെത്തിയ ഉപ്പള സ്വദേശി ഇസ്മായീല്‍ റിയാസി(20)നെ പൊലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷത്തിനെത്തിയ പുറത്തുനിന്നുള്ള 10 പേരെയും 15 പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സംഘര്‍ഷമുണ്ടാക്കിയ വിദ്യാര്‍ഥികളുടെ സോഷ്യല്‍ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. യൂനിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോംപൗണ്ടിന് പുറത്തെത്തിയാല്‍ സാധാരണ വേഷം ധരിച്ച് പ്രശ്‌നമുണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ മഫ്തിയില്‍ പൊലീസിനെ നിയോഗിക്കും. വിദ്യാര്‍ഥികള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷവും 15 ഓളം സംഘര്‍ഷവും അക്രമവുമുണ്ടായിട്ടുണ്ട്. 4 കുട്ടികളെ ടിസി നല്‍കി സ്‌കൂളില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അധ്യായന വര്‍ഷാരംഭത്തില്‍ തന്നെയുള്ള പ്രശ്‌നത്തെ കര്‍ശനമായി നേരിടാനാണ് പൊലീസിന്റെ തീരുമാനം. വിദ്യാര്‍ഥികളുടെ സംഘര്‍ഷം കാരണം ടൗണില്‍ അരമണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. എസ്‌ഐ കെ ശ്രീജേഷ്, പ്രൊബേഷണല്‍ എസ്.ഐ അനന്ദകൃഷ്ണന്‍ ആര്‍ മേനോന്‍, എ.എസ്.ഐ ബാബു, സിപിഒ ചന്ദ്രന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page