കാസര്‍കോട്: മധൂര്‍ പട്‌ള ചെന്നിക്കൂടല്‍ തോട്ടത്തിലെ നാടന്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം വെള്ളിയാഴ്ച പുലര്‍ച്ചെ നായക്കൂട്ടം തകര്‍ത്തു. ഒമ്പതോളം കോഴികളെ നായ്ക്കൂട്ടം കൊന്നൊടുക്കി. 5000 രൂപ വിലവരുന്ന മികച്ച പ്രത്യുല്‍പ്പാദനശേഷിയുള്ള ആറ് പൂവന്‍ കോഴികളും കൊന്നൊടുക്കിയ കോഴികളുടെ കൂട്ടത്തില്‍പ്പെടുന്നു.
മധൂര്‍ കല്ലക്കട്ടയിലെ സഫ്‌വാന്റെ കോഴിവളര്‍ത്തല്‍ കേന്ദ്രമാണ് തെരുവ് നായകള്‍ കൂട്ടത്തോടെ കടിച്ചു കുടഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. സഫ്‌വാന്‍ വ്യാഴാഴ്ച രാത്രി തീറ്റയും വെള്ളവും കൊടുത്ത് കോഴിവളര്‍ത്ത് കേന്ദ്രം പൂട്ടി പോയതായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് സമീപവാസികള്‍ വന്ന് നോക്കിയപ്പോഴാണ് തെരുവ് നായക്കൂട്ടത്തിന്റെ പരാക്രമം കണ്ടത്. വടിയെടുത്ത് നായ്ക്കളെ ഓടിച്ചാണ് മറ്റ് കോഴികളെ രക്ഷിച്ചത്.
കൂടിന് കെട്ടിയ നെറ്റും, ഡോറും തകര്‍ത്താണ് നായ്ക്കള്‍ അകത്ത് കയറിയത്. അര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് സഫ്‌വാന്‍ പറഞ്ഞു. ഇലക്ട്രീഷ്യനായ സഫ്‌വാന്‍ ഒരു വര്‍ഷം മുമ്പ് കട്ടര്‍ മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതി ഓഫായപ്പോള്‍ മെഷീന്‍ എടുത്ത് മാറ്റുന്നതിനിടെ വീണ്ടും വൈദ്യുതി പ്രവാഹം ഉണ്ടാകുകയും മെഷീന്‍ പെട്ടന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇരു കൈയ്യും അറ്റുതൂങ്ങി വന്‍ അപകടം നേരിട്ടിരുന്നു.
മംഗളൂര്‍ സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു.
25 ലക്ഷത്തോളം രൂപ ചികിത്സക്കുവേണ്ടിവന്നു. ഇലക്ട്രീഷ്യന്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് കുടുംബം പോറ്റാന്‍ നാടന്‍ കോഴി വളര്‍ത്ത് കേന്ദ്രം തുടങ്ങിയത്.
സര്‍ക്കാരിന്റെ സഹായത്തോടെ ഹാച്ചറി ഉള്‍പ്പെടെ സ്ഥാപിച്ച് കോഴിവളര്‍ത്ത് കേന്ദ്രവും മുട്ട ഉല്‍പ്പാദനവും വിപുലമാക്കാനുള്ള ശ്രമം നടന്നു വരുന്നതിനിടയിലാണ് കോഴിവളര്‍ത്ത് കേന്ദ്രം തെരുവ് നായ്ക്കൂട്ടം തകര്‍ത്തത്.
തന്റെ പ്രതീക്ഷകളാണ് തെരുവ് നായ്ക്കള്‍ തകര്‍ത്തതെന്നും ജീവിതോപാദികളും ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സഫ്‌വാന്‍ പറയുന്നു.

So 😔 sad….