പെരിയ: ശക്തമായ കാറ്റിലും മഴയിലും പെരിയയില്‍ വന്‍ നാശനഷ്ടം. പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരിയ ഗവ: ആശുപത്രിക്ക് സമീപം കല്യോട്ട് റോഡിലെ പെട്ടിക്കടയും ബസ് കാത്തിരിപ്പുകേന്ദ്രവുമാണ് തകര്‍ന്നത്. പാതയോരത്തെ കൂറ്റന്‍ തണല്‍ മരമാണ് മുറിഞ്ഞ് വീണത്. പെട്ടിക്കട പൂര്‍ണ്ണമായും ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗീകമായും തകര്‍ന്നു. പെരിയാസ് പെരിയ എന്ന സംഘടന പണിതതാണ് ബസ് കാത്തിരിപ്പു കേന്ദ്രം. മരം വീണതിനെ തുടര്‍ന്ന് അതു വഴിയുള്ള വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പെരിയാസ് പെരിയ പ്രസിഡണ്ട് ടി മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് മരം നീക്കാന്‍ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് നിന്ന് വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുലര്‍ച്ചെയായതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.
