മുംബൈ: 54-കാരനായ ഭര്‍ത്താവിനെ ഇരുപത്തിയേഴുകാരിയായ യുവതി വെട്ടിക്കൊലപ്പെടുത്തി . മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒരുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായം മാനിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
അനിലിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. അസുഖ ബാധിതനായതോടെയാണ് പുനര്‍വിവാഹം കഴിക്കാന്‍ അനില്‍ തീരുമാനിച്ചത്. മെയ് പതിനേഴിനായിരുന്നു സതാര ജില്ലയിലെ വാഡി ഗ്രാമത്തില്‍ നിന്നുളള രാധികയുമായുളള വിവാഹം. എന്നും ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് സമീപിച്ചുവെന്നും സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കടുംകൈ ചെയ്തതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വെളളിയാഴ്ച്ചയോടെ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
