ബൈക്കില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; കാസര്‍കോട്‌ പെരുമ്പള സ്വദേശികള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ബൈക്കില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കാസര്‍കോട്‌ ചെമ്മനാട്, പെരുമ്പള സ്വദേശികളായ അഞ്ചുപേരെ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എല്‍ ഷൈജുവും സംഘവും അറസ്റ്റു ചെയ്തു. പെരുമ്പളയിലെ അഖില്‍ (26), അരമങ്ങാനം പുതിയ വളപ്പില്‍ വീട്ടില്‍ പ്രശാന്ത് (21), പെരുമ്പള വയലാംകുഴിയിലെ പച്ചിലങ്കര വീട്ടില്‍ നിധി (20), പെരുമ്പളയിലെ നിധിന്‍ നാരായണന്‍ (22), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ എട്ടിന് ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇതേ കുറിച്ച് മേപ്പാടി പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ: ‘ബൊളേറോ ജീപ്പിലാണ് അഞ്ചംഗ സംഘം നാട്ടില്‍ നിന്നു കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. അവിടെയെത്തിയ ശേഷം സംഘം ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് യാത്ര തുടര്‍ന്നു. ഇതിനിടയില്‍ മേപ്പാടി, കൊക്കത്തോട്ട് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ പിന്‍ഭാഗത്തു നിന്നു ഒരു ബൈക്കു വന്നു. നെല്ലിമുണ്ട, കളപ്പറമ്പന്‍ ഇബ്രാഹിമിന്റെ മകന്റെ മകന്‍ അഫ്ഗല്‍ (20) ആണ് ബൈക്കോടിച്ചിരുന്നത്. ഇബ്രാഹിമിന്റെ ഭാര്യ ബീയ്യുമ്മ (66)യാണ് പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്നത്. ജീപ്പിനെ ബൈക്ക് മറി കടന്നതോടെ ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ബൈക്കു കടന്നു പോവുകയും ചെയ്തു. പിന്നീട് ബൊളേറോ ജീപ്പ് അമിത വേഗതയില്‍ കുതിച്ച് മേപ്പാടി, കൊക്കത്തോട് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്കുകാണുകയും പിന്നില്‍ നിന്നു ഇടിച്ചു തെറുപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബീയ്യുമ്മ തെറിച്ചുവീണ് തലയിടിച്ചു മരിച്ചു. അഫ്ഗലിനും ഗുരുതരമായി പരിക്കേറ്റു. സംഭവം അപകടമരണമാണെന്ന നിലയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികളും അഫ്ഗലിന്റെ മൊഴികളും അപകടമരണമല്ലെന്ന സംശയം ഉണ്ടാക്കി. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വാഹനാപകടം അല്ലെന്നും മനഃപൂര്‍വ്വം ജീപ്പിടിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായത്. സംഭവത്തില്‍ ബൊളേറോ ജീപ്പ് ഓടിച്ചിരുന്ന അഖിലിനെ അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. മറ്റു നാലു പേരെ വ്യാഴാഴ്ച രാവിലെ മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page