സ്‌കൂളുകള്‍ തുറന്നു: ദേശീയ പാതയില്‍ നടപ്പാത സംവിധാനമില്ലാതെ മൊഗ്രാല്‍ ടൗണ്‍

കുമ്പള: ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുമ്പോഴും മുഖം തിരിച്ചു നില്‍ക്കുന്ന അധികൃതരുടെ നിലപാട് മൊഗ്രാലില്‍ കാല്‍നടയാത്രക്കാര്‍ക്കും സമീപ പ്രദേശവാസികള്‍ക്കും ദുരിതമാവുന്നു. ആദ്യം ചെയ്യേണ്ട പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാക്കിയതാണ് ദേശീയപാതയില്‍ മഴക്കാലത്ത് വലിയ ദുരിതത്തിന് കാരണമായത്. ഓവുചാലുകളുടെയും, നടപ്പാതയുടെയും അഭാവം പലസ്ഥലങ്ങളിലും ദുരിതത്തിനിടയാക്കിയിട്ടുണ്ട്. ദേശീയപാതയുടെ സമീപപ്രദേശങ്ങള്‍ ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയാണ്.
മൊഗ്രാല്‍ ലീഗ് ഓഫീസ് മുതല്‍ മുഹിയദ്ദീന്‍ ജുമാമസ്ജിദ് വരെയുള്ള 500 മീറ്ററില്‍ ഇതുവരെ സര്‍വീസ് റോഡിന് സമീപം നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. സ്‌കൂളുകള്‍ തുറന്നിരിക്കെ മൊഗ്രാല്‍ ടൗണില്‍ നടപ്പാത ഒരുക്കാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാവുന്നു. ഇവര്‍ക്ക് സ്‌കൂളിലെത്താന്‍ സര്‍വീസ് റോഡിലൂടെ തന്നെ നടന്നു പോകേണ്ട അവസ്ഥയാണുള്ളത്. വാഹന തിരക്കുള്ള റോഡില്‍ കൂടിയുള്ള വിദ്യാര്‍ത്ഥികളുടെ നടത്തം രക്ഷിതാക്കളില്‍ ആശങ്ക ഉണ്ടാക്കുന്നു.
നടപ്പാത നിര്‍മ്മാണത്തില്‍ ജനങ്ങള്‍ക്ക് നടന്നു പോകാനുള്ള അവകാശം നിഷേധിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപ്പാത വിഷയത്തില്‍ അധികൃതര്‍ ‘മെല്ലെ പോക്ക്’ നയമാണ് സ്വീകരിച്ചത്. മൊഗ്രാല്‍ ടൗണില്‍ നടപ്പാത നിര്‍മ്മാണം തുടങ്ങിയിട്ട് പോലുമില്ല. നിര്‍മ്മാണം തുടങ്ങിയ സ്ഥലങ്ങളിലാകട്ടെ പാതിവഴിയിലുമാണ്. പലസ്ഥലങ്ങളിലും നടപ്പാതയ്ക്ക് ആവശ്യമായ സ്ഥലസൗകര്യം ഇല്ലാതെയുമുണ്ട്. ഇവിടങ്ങളില്‍ ‘ഒപ്പിക്കല്‍’ നിര്‍മ്മാണമാണ് നിര്‍മ്മാണ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞവര്‍ഷം സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് നല്‍കിയ പരാതിയും, നിവേദനങ്ങളും വേണ്ടവിധത്തില്‍ പരിഗണിക്കാത്തതാണ് ഇപ്പോള്‍ നടപ്പാതയിലും ഓവുചാല്‍ വിഷയത്തിലും കാല്‍നടയാത്രക്കാര്‍ക്കു ദുരിതമായതെന്നു പരാതിയുണ്ട്. നടപ്പാത നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page