ഇസ്ലാമാബാദ്: പാക്കിസ്താനിൽ 17 വയസ്സുകാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സന യൂസഫാണ് മരിച്ചത്. ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തോളം പേർ ഇവരെ പിന്തുടരുന്നുണ്ട്. സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസ അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്.അടുത്ത ബന്ധുവാണ് സനയെ കൊലപ്പെടുത്തിയതെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.വീടിനുള്ളിൽ സനയുമായി സംസാരിച്ചതിനു ശേഷമാണ് വെടിയുതിർത്തത്. ഒട്ടേറെ തവണ വെടിവച്ചതിനു ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഈ വർഷം ആദ്യം പാക്കിസ്താനിൽ 15 വയസ്സുകാരിയായ ടിക് ടോക്ക് താരത്തെ അച്ഛനും അമ്മാവനും ചേർന്ന് വെടിവച്ചു കൊന്നിരുന്നു.
