കാസര്‍കോട്: വീട്ടുകാര്‍ പെരുന്നാള്‍ വസ്ത്രങ്ങളും കുട്ടികളുടെ യൂണിഫോമുകളും വാങ്ങിക്കാന്‍ പോയ നേരത്ത് വീടു കുത്തിത്തുറന്ന് 22 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ മാണിയാട്ട് ബാങ്കിനു സമീപത്തെ എം.കെ ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച. ജുസീലയും കുടുംബവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് വീടു പൂട്ടി പയ്യന്നൂരിലേക്ക് ഷോപ്പിംഗിനു പോയതായിരുന്നു. രാത്രി 9.45 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ മുന്‍വശത്തെ വാതിലിലെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രണ്ടു അലമാരകള്‍ കുത്തിപ്പൊളിച്ചാണ് നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവ മോഷ്ടാക്കള്‍ കൈക്കലാക്കിയത്. പൂട്ടാതെ കിടന്നിരുന്ന രണ്ട് അലമാരകളിലെ തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സും പൊളിച്ച നിലയിലാണ്. ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.