കാസര്‍കോട്: പുതിയ തട്ടിപ്പ് രീതിയുമായി ഇറങ്ങിയ സുന്ദരനായ ചെറുപ്പക്കാരന്‍ നിരവധി പേരില്‍ നിന്നായി ആയിരക്കണക്കിന് രൂപ തട്ടിയെടുത്തു. വിരുതനെ കണ്ടെത്താന്‍ പൊലീസ് രഹസ്യ അന്വേഷണം തുടങ്ങി. കുലീനമായി വസ്ത്രം ധരിച്ച് കണ്ടാല്‍ പൊലീസ് ഉദ്യോഗസ്ഥനെ പോലെ തോന്നിപ്പിക്കുന്ന യുവാവിന്റെ യാത്ര ബൈക്കിലാണ്. പുഞ്ചിരിച്ചു കൊണ്ടാണ് ഇയാള്‍ ഇരകളെ സമീപിക്കുന്നത്. ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ഇയാള്‍ ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ പെട്ടിക്കട ഉടമയായ സ്ത്രീയില്‍ നിന്നു 2500 രൂപ തട്ടിയെടുത്താണ് കടന്നു കളഞ്ഞത്. ബൈക്ക് കടയുടെ മുന്നില്‍ നിര്‍ത്തിയ ശേഷം കക്ഷി പുഞ്ചിരിച്ചുകൊണ്ട് കടയുടമയായ സ്ത്രീയെ സമീപിച്ചു ‘ചെറിയ തുക നല്‍കിയാല്‍ മേല്‍ തരം ഫ്രിഡ്ജുകള്‍ ഉണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ തരാം’ എന്നും ആമുഖമായി പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്. എന്തെങ്കിലും മറുപടി പറയാന്‍ പോലും കഴിയും മുന്‍പേ തന്നെ രണ്ടാമത്തെ ഡയലോഗ് ഇങ്ങനെ ”നിങ്ങളെപ്പോലുള്ളവരെ സഹായിക്കുന്നതിലൂടെ കിട്ടുന്ന മാനസിക സന്തോഷം വലുതാണ.് നിങ്ങള്‍ക്ക് സാധനങ്ങള്‍ വേണമെങ്കില്‍ 2500 രൂപ തന്നോളൂ ബാക്കി തുക സാധനം ഇറക്കി തരുമ്പോള്‍ തന്നാല്‍ മതി.” യുവാവിന്റെ മനം മയക്കിയ ഡയലോഗില്‍ വീണുപോയ സ്ത്രീ നുള്ളിപ്പെറുക്കി വെച്ച 2500 രൂപ ഉടന്‍ എടുത്തു നല്‍കി. ഏറെ നേരം കഴിഞ്ഞിട്ടും കക്ഷി ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല. ഇതിനിടയില്‍ ഇതുവഴിയെത്തിയ പൊലീസ് വാഹനം കണ്ടു കടയുടമ പുറത്തേക്ക് ഇറങ്ങി കൈ കാണിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് സ്ത്രീയുടെ 2500 രൂപ നഷ്ടപ്പെട്ട കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥന്‍ വിവരം ഉടന്‍ കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അവിടെ നിന്നുള്ള എസ് ഐ സ്ഥലത്തേക്ക് കുതിച്ചെത്തി സ്ത്രീയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് നേരത്തെ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയിലുള്ള തട്ടിപ്പുനടത്തിയ ആളാണ് ദുര്‍ഗ്ഗാ സ്‌കൂള്‍ റോഡിലെ കടയിലെത്തി തട്ടിപ്പ് നടത്തിയതെന്ന കാര്യം മനസ്സിലായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാവുങ്കാല്‍ വന്ദേ മാതരം ബസ്റ്റോപ്പില്‍ എത്തി ഒരു പെട്ടിക്കട ഉടമയില്‍ നിന്ന് വിദ്വാന്‍ 2500 രൂപയാണ് തട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആണെന്നും പിടികൂടിയ സിഗരറ്റ് ഉണ്ടെന്നും പകുതി വിലക്ക് തരാമെന്നും പറഞ്ഞാണ് അവിടെ തട്ടിപ്പ് നടത്തിയത്. 2500 രൂപ കൈക്കലാക്കിയ ശേഷം സിഗരറ്റുമായി വരാം എന്ന് പറഞ്ഞു പോയ ആള്‍ പിന്നീട് അതുവഴി തിരിഞ്ഞു നോക്കിയിട്ടില്ല. ഇതേ രീതിയില്‍ പുല്ലൂരില്‍ ഒരു കടക്കാരനില്‍ നിന്നും ഇയാള്‍ 8000 രൂപയാണ് കൈക്കലാക്കിയത്. മാവുങ്കാലിലെ ഒരു ഹോട്ടല്‍ ഉടമയില്‍ നിന്നു സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് 62,000 രൂപ തട്ടിയെടുക്കാനും ശ്രമമുണ്ടായി. പണം ഗൂഗിള്‍ പേ ആയി നല്‍കാമെന്നു പറഞ്ഞതോടെ തട്ടിപ്പുവീരന്‍ പിന്നീട് ആ വഴിക്കു പോയിട്ടില്ല. ഹോട്ടലുടമ യുവാവിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചതത്രെ. കാസര്‍കോട്, സീതാംഗോളിയിലെ ഒരു പെട്ടിക്കട ഉടമയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഫ്രിഡ്ജുകള്‍ ഉണ്ടെന്നും പകുതി വില നല്‍കിയാല്‍ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. അഡ്വാന്‍സ് എന്ന നിലയില്‍ 3000 രൂപയും കൈക്കലാക്കിയാണ് വിരുതന്‍ സ്ഥലം വിട്ടത്. തൊട്ടപ്പുറത്തുള്ള മറ്റൊരു കടയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്താന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല.
ഈ വിരുതനെ കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
