കാസര്‍കോട്: കാസര്‍കോട് ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ദേശീയ പാതയിലെ അപകട മേഖലകളില്‍ സന്ദര്‍ശനം ആരംഭിച്ചു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെറുവത്തൂര്‍ വീരമല കുന്ന് സേന ബുധനാഴ്ച സന്ദര്‍ശിച്ചു. ചെറുവത്തൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി. ജയപ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ മണ്ണിടിച്ചല്‍ തുടരുന്ന സ്ഥലമാണ് വീരമലക്കുന്ന്.

തൊട്ടടുത്തെ പ്രദേശമായ മട്ടലായിയില്‍ മണ്ണിടിഞ്ഞ് വീണ് ദേശീയപാത നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. മഴ ശക്തമാകുന്നതോടെ ഇനിയും മണ്ണിടിയാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്താണ് ദുരന്ത നിവാരണ സേന അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ പര്യടനം ആരംഭിച്ചിട്ടുള്ളത്.