കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും 2 പെൺമക്കളെയും കാണാ നില്ലെന്ന് പരാതി. ഇരുപതാം വാർഡംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് മൂവരെയും കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷം മുൻപ് മരണപ്പെട്ടിരുന്നു. പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ഭർതൃമാതാവ് ആവശ്യപ്പെട്ടു. തനിക്കും മക്കൾക്കും ഭർത്താവിന്റെ വീട്ടിൽ യാതൊരു അവകാശവുമില്ലെന്ന് ഭർതൃമാതാവ് അവഹേളിച്ചുവത്രെ. കുട്ടികളെ കുത്തുവാക്ക് പറഞ്ഞ് അപമാനിച്ചതായും പോസ്റ്റിൽ പറയുന്നു. നേരത്തേ സ്വത്ത് തർക്കത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഐസി പൊലീസിനു പരാതി നൽകിയിരുന്നു. 50 ലക്ഷം രൂപ ഭർതൃ വീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന് പൊലീസ് ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് പൊലീസ് ഒഴിഞ്ഞുമാറു കയായിരുന്നുവത്രെ.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസിയുടെ ഫോൺ ലോക്കേഷൻ അവസാനമായി കണ്ടെത്തിയിരിക്കുന്നത് തൃപ്പൂണിത്തുറയിലാണെന്ന് പൊലീസ് അറിയിച്ചു.
