കാസര്‍കോട്: കളത്തൂര്‍ ചെക്ക് പോസ്റ്റ് ശ്രീനഗറിലെ ജഗന്നാഥയുടെ വീട് ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നു. വീടിന്റെ ഓടും ഷീറ്റും മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. രാത്രി ജഗന്നാഥനും ഭാര്യയും രണ്ടു മക്കളും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുടുംബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുമ്പള കളത്തൂരില്‍ കിണര്‍ ഇടിഞ്ഞു. ആളോടിമൂല സ്വദേശി മുഹമ്മദിന്റെ വീട്ടു മുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കനത്ത മഴയില്‍ തിങ്കളാഴ്ച രാവിലെയാണ് കിണര്‍ ഇടിഞ്ഞത്.

ശക്തമായ മഴയിലും കാറ്റിലും ഉദുമ, ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ നഷ്ടം. മരങ്ങള്‍ വൈദ്യുത ലൈനിന്റെ മുകളിലേക്ക് വീണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. ഉദുമ പടിഞ്ഞാര്‍ ബേവൂരി കോട്ടക്കുന്നില്‍ എം.സി.കുഞ്ഞിരാമന്റെ കോണ്‍ക്രീറ്റ് വീടിന് മുകളിലേക്ക് മുറ്റത്തുണ്ടായിരുന്ന തെങ്ങ് ഒടിഞ്ഞ് വീണു കേടുപാടുകള്‍ പറ്റി. ഉദുമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. വെസ്റ്റ് എളേരിയില്‍ പെയ്ത മഴയില്‍ മരം വീണ് വീട് തകര്‍ന്നു. മൗക്കോട് ഒറീത്തയില്‍ ബാബുവിന്റെ വീടാണ് തകര്‍ന്നത്. മലയോര മേഖലയില്‍ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ കാറ്റില്‍ തുരുത്തി പതിക്കാലിലെ കര്‍ഷകന്‍ അഞ്ചില്‍ കുഞ്ഞിക്കണ്ണന്റെ ഷെഡ് തെങ്ങ് വീണ് തകര്‍ന്നു.
