കാറ്റും മഴയും: താറുമാറായി വൈദ്യുതി വിതരണം, കുമ്പളയില്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍

കുമ്പള: കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കാറ്റും മഴയും വൈദ്യുതി വിതരണം താറുമാറാക്കി. വിവിധ പ്രദേശങ്ങളില്‍ മരം വീണും, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും, കമ്പികള്‍ പൊട്ടിയുമാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഉപഭോക്താക്കളുടെ നിലവിളിയില്‍ രാത്രി വൈകിയും പരക്കം പായുകയാണ് ജീവനക്കാര്‍. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.
കുമ്പളയില്‍ കാലവര്‍ഷത്തിനു മുമ്പും ഇതേ അവസ്ഥയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നുണ്ട്. കുമ്പള സെക്ഷന്‍ പരിധിയില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധനവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നുണ്ട്. ഇതിനനുസരിച്ചുള്ള അടിസ്ഥാന വികസനം കുമ്പള സെക്ഷന്‍ പരിധിയിലില്ല. ചെറിയൊരു വിഭാഗം ഉപഭോക്താക്കള്‍ സീതാംഗോളി സെക്ഷന്‍ പരിധിയിലേക്ക് മാറിയെങ്കിലും ഇത് കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. സെക്ഷന്‍ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, ഉപഭോക്താക്കള്‍ വളരെ ദൂരെ ദിക്കുകളില്‍ ഉള്ളവരുമായതിനാല്‍ വാഹനസൗകര്യം ഇല്ലാത്തതും ജീവനക്കാര്‍ക്ക് വൈദ്യുതി തടസ്സം നില്‍ക്കാന്‍ ഏറെ പാടുപെടേണ്ടിവരുന്നു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും വെളിച്ചം കാണാതെ പോയതും വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയടക്കം 8 പഞ്ചായത്തുകളില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. ഉപഭോക്താക്കളുടെ ബാഹുല്യം കാരണം രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും നേരിടുന്നു. ഉപഭോക്താക്കളുടെ വര്‍ദ്ധനവിനനുസരിച്ച് ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാനും നടപടികള്‍ ഉണ്ടാവുന്നില്ല.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 2021ല്‍ കൈകൊണ്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ നേരിയ തോതിലെങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപ്പളയിലെ 33 കെവി സബ്‌സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page