കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നു. ബസ് നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ തനിയെ മുന്നോട്ടു നീങ്ങിയ ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിലിടിച്ച ശേഷം മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചു കയറി. ബസിനകത്തും മെഡിക്കല്‍ ഷോപ്പിനു മുന്നിലും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരിലാണ് സംഭവം. ദേവറഡുക്കയില്‍ നിന്നു വരികയായിരുന്ന ബസ് അഡൂരില്‍ എത്തിയപ്പോഴാണ് മുന്‍ ഭാഗത്തു നിന്നു പുക ഉയരുന്നതും ചൂട് അനുഭവപ്പെടുന്നതും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉടന്‍ ബസ് റോഡരികില്‍ നിര്‍ത്തി റേഡിയേറ്റര്‍ പരിശോധിക്കുന്നതിനിടയില്‍ ബസ് തനിയെ മുന്നോട്ടു നീങ്ങുകയായിരുന്നുവത്രെ. മുന്നോട്ടു നീങ്ങിയ ബസ് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യ ബസില്‍ ഇടിച്ച ശേഷം കൂടുതല്‍ വേഗത്തില്‍ നീങ്ങി ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചു കയറി മൂക്കു കുത്തി നില്‍ക്കുകയായിരുന്നു. അപകട സമയത്ത് ബസിനകത്തും മെഡിക്കല്‍ ഷോപ്പു പരിസരത്തും ആരും ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പൊതുവെ രാവിലെ തന്നെ ആള്‍ക്കാര്‍ എത്തുന്ന സ്ഥലത്താണ് അപകടം നടന്നത്. വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും അധികൃതരും.