കാസര്‍കോട്: കാലവര്‍ഷത്തിനു പിന്നാലെ മഴക്കാല കള്ളന്മാരും എത്തി പണി തുടങ്ങി. മൊഗ്രാല്‍പുത്തൂരില്‍ കട കുത്തിത്തുറന്നു 65,000 രൂപ കവര്‍ച്ച ചെയ്തു. കടയുടമ പുത്തൂര്‍, ആസാദ് നഗറിലെ മുസ്തഫ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍ മിനി മാര്‍ട്‌സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ച നടന്നത്. കടയുടെ മുന്നിലെ ഇരുമ്പ് നെറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് പണം സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. പ്ലാസ്റ്റിക് ഡബ്ബകളില്‍ സൂക്ഷിച്ച പണമാണ് കവര്‍ച്ച പോയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മഴക്കാലത്തു കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും വ്യാപകമായി കവര്‍ച്ചകള്‍ നടന്നിരുന്നു.
