മംഗ്‌ളൂരു: ഭാര്യ പിണങ്ങിപ്പോയതില്‍ പ്രകോപിതനായ ഭര്‍ത്താവ് വിവാഹബ്രോക്കറെ കുത്തിക്കൊന്നു. മംഗ്‌ളൂരു, വാമഞ്ചൂര്‍, വളച്ചില്‍ സ്വദേശി സുലൈമാന്‍ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ മുസ്തഫ (30)യെ മംഗ്‌ളൂരു റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു.
ഏഴുവര്‍ഷം മുമ്പാണ് സുലൈമാന്റെ ബന്ധുവായ ഷഹീനാസിനെ മുസ്തഫ കല്യാണം കഴിച്ചത്. സുലൈമാന്‍ ബ്രോക്കറായി നിന്നായിരുന്നു കല്യാണം. രണ്ടു മാസം മുമ്പ് ഷഹീനാസ് ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം സ്വന്തം വീട്ടിലേക്ക് പോയി. ഈ വിഷയം സംസാരിക്കുന്നതിനായി സുലൈമാന്‍ തന്റെ രണ്ടു ആണ്‍മക്കളെയും കൂട്ടി മുസ്തഫയുടെ വീട്ടില്‍ എത്തിയിരുന്നു. മക്കളെ റോഡില്‍ നിര്‍ത്തിയ ശേഷം സുലൈമാന്‍ വീട്ടിലേക്കു പോയി. പ്രശ്‌നത്തെ കുറിച്ചു മുസ്തഫയുമായി സംസാരിച്ച ശേഷം സുലൈമാന്‍ മക്കളുടെ അടുത്തേക്ക് എത്തുന്നതിനിടയില്‍ കത്തിയുമായി പിന്തുടര്‍ന്നെത്തിയ മുസ്തഫ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. അക്രമം തടയുന്നതിനിടയില്‍ മക്കളായ റിയാബിനും സിയാബിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ പരിസരവാസികളുടെ നേതൃത്വത്തില്‍ സുലൈമാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
