കുമ്പള: ഒടുവില്‍ അതുതന്നെ സംഭവിച്ചു; കുമ്പള ടൗണിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു. ഇതോടെ ഇനി ടൗണിലെത്താന്‍ കാസര്‍കോട് നിന്ന് വരുന്ന വാഹനങ്ങളും ബസുകളും വീതി കുറഞ്ഞ സര്‍വ്വീസ് റോഡിനെ ആശ്രയിക്കേണ്ടി വരും. കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കണം. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നു ആശങ്കയുണ്ട്.
ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ കൈമലര്‍ത്തിയതോടെ അവസാന ശ്രമമെന്ന നിലയില്‍ കുമ്പള പൗരസമിതി ബിജെപി ജില്ലാ പ്രസിഡണ്ട് എല്‍കെ അശ്വനിയെ മുഖേന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ നേരിട്ട് കണ്ട് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനായി പൗരസമിതി വ്യാപാരികളടക്കം നൂറുകണക്കിനാളുകളുടെ ഒപ്പ് ശേഖരണവും നടത്തിയിരുന്നു. ഇപ്പോള്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ നിര്‍മ്മാണ കമ്പനിയോട് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ടൗണില്‍ ദേശീയപാത പൂര്‍ത്തിയാക്കുന്നതിനായി സംരക്ഷണ മതില്‍ നിര്‍മ്മാണത്തിന് വെള്ളിയാഴ്ച മുതല്‍ പുതിയ ട്രാഫിക് സംവിധാനം പൊലീസ് സഹായത്തോടെ നിര്‍മ്മാണ കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള അടിപ്പാത വഴി ടൗണിലേക്ക് വരുന്നില്ലെന്ന പരാതി മംഗലാപുരത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും, വ്യാപാരികള്‍ക്കുമുണ്ട്.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട 500 ഓളം വ്യാപാരികളുള്ള കുമ്പള ടൗണിന്റെ കവാടം അടക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എകെഎം അഷ്‌റഫ് എംഎല്‍എ, കുമ്പള പഞ്ചായത്ത് ഭരണസമിതി തുടങ്ങി വിവിധ സംഘടനകള്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ദേശീയപാത അതോറിറ്റിക്കും നിരന്തരമായി നിവേദനങ്ങളും മറ്റും നല്‍കിയിരുന്നുവെങ്കിലും എല്ലാം അവഗണിക്കപ്പെട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍കൂട്ടി കണ്ടുകൊണ്ട് ഈ വിഷയം ബന്ധപ്പെട്ടവരെ ധരിപ്പിക്കുന്നതില്‍ കുമ്പള പഞ്ചായത്തും ജനപ്രതിനിധികളും ശ്രമിച്ചില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
പുതിയ ട്രാഫിക് സംവിധാനം രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് കുമ്പളയിലെ വ്യാപാരികള്‍ പറയുന്നുണ്ട്. കുമ്പളയിലെ വ്യവസായ-വാണിജ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ അടിപ്പാത വഴി വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ കുമ്പള ബസ്റ്റാന്റ് വഴി പോകാന്‍ ഏറെ പാടുപെടേണ്ടി വരും. അതിനിടെ സര്‍വ്വീസ് റോഡിന്റെ വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കുന്നതിന് കുമ്പള ഗ്രാമപഞ്ചായത്ത് ബന്ധപ്പെട്ടവരുടെ സഹായം തേടിയിട്ടുണ്ട്.
