കാസര്‍കോട്: വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്ന് വെള്ളിയാഴ്ച ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മംഗലപുരത്തെ മുഹമ്മദ് ഷാദുലി(21), മുഹമ്മദ് ഷിബിലി (25), നജ്മ (50), പരേതനായ കൃഷ്ണന്‍ നായരുടെ മകള്‍ കൃഷ്ണകുമാരി (45), കൃഷ്ണകുമാരിയുടെ മകള്‍ ഗൗരി കൃഷ്ണ (23) എന്നിവരെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഗോവയില്‍ നിന്നു മംഗ്‌ളൂരുവിലേക്കു വരികയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവരെന്നു പറയുന്നു. ട്രെയിനില്‍ വിതരണം ചെയ്ത ഫ്രൈഡ് റൈസും വെജിറ്റബിള്‍ കറിയും കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചപ്പാത്തിയും കറിയും കഴിച്ചവര്‍ക്കു അസ്വസ്ഥതയൊന്നുമുണ്ടായില്ല. മംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരം പോര്‍ബന്തര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കു കയറിയ ഇവര്‍ക്കു ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നുവത്രെ. ഇക്കാര്യം കാസര്‍കോട്ടെത്തിയ ഇവര്‍ റെയില്‍വെ അധികൃതരെ അറിയിക്കുകയും അവര്‍ ഉടന്‍ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ക്കു കൂടി നേരിയ തോതില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെന്നു പറയുന്നു. അയാളെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ തിരുവനന്തപുരത്തു സര്‍ക്കാര്‍ ജീവനക്കാരാണെന്നു പറയുന്നു. എന്നാല്‍ കേസില്‍ കുടുങ്ങി അതിനു പിറകെ നടക്കേണ്ടി വരുമെന്നതിനാല്‍ പരാതി നല്‍കിയിട്ടില്ലെന്നു ഇവര്‍ പറയുന്നു. ഗോവയില്‍ ടൂറിനു പോയി മടങ്ങുകയായിരുന്നു ഇവര്‍.
