പയ്യന്നൂര്‍: എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ചെറുപുഴ പൊലീസിനോട് നിര്‍ദ്ദേശിച്ചു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് ചെറുപുഴ, മലാങ്കടവ് സ്വദേശിയായ മാമച്ചനെതിരെ പൊലീസ് കേസെടുത്തു. ചെറുപുഴയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇതേ കുറിച്ച് പൊലീസ് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-
”മാമച്ചനും ഭാര്യയും രണ്ടു മാസമായി അകന്നു കഴിയുകയാണ്. എട്ടു വയസ്സുള്ള മകളും 12 കാരനായ മകനും മാമച്ചനൊപ്പമാണ് താമസം. മാതാവ് തിരികെ വരാന്‍ വേണ്ടി പ്രാങ്ക് വീഡിയോ ഉണ്ടാക്കിയതാണെന്നാണ് കുട്ടികളും മാമച്ചനും മൊഴി നല്‍കിയത്. പ്രസ്തുത വീഡിയോ വ്യാഴാഴ്ച രാത്രിയിലാണ് പിണങ്ങിപ്പോയ മാതാവിനു അയച്ചു കൊടുത്തത്. മാതാവ് വീഡിയോ അടുത്ത ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തതോടെ വൈറലാവുകയായിരുന്നു. ഇതോടെ വിവാദവും ഉയര്‍ന്നു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും തല ചുമരില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. പ്രാങ്ക് വീഡിയോ ആണെങ്കില്‍ പോലും ഇത്തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്.” 12 വയസ്സുകാരനായ മൂത്ത കുട്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നു പറയുന്നു.
സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
