കോഴിക്കോട്: കോഴിക്കോട് ഹാര്‍ബര്‍ റോഡ് ജംഗ്ഷനിലെ ലോഡ്ജില്‍ കഴുത്ത് അറുത്തു മുറിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടു. കൊല്ലം സ്വദേശിയും മത്സ്യബന്ധന വലപ്പണിക്കാരനുമായ സോളമന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന ലോഡ്ജ് മുറിയില്‍ നിന്ന് ശനിയാഴ്ച രാവിലെ രക്തം പുറത്തേക്കൊഴുകുന്നതു കണ്ട ലോഡ്ജ് ഉടമ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ബേപ്പൂരില്‍ വലപ്പണിക്കെത്തിയ സോളമന്‍ മറ്റൊരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നതെന്നു പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ട സോളമന്‍ ലോഡ്ജിലെത്തിയത്. ഈ മുറിയില്‍ സോളമനൊപ്പം വലപ്പണി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷായിരുന്നു താമസം. ഈ മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ശനിയാഴ്ച രാത്രി തന്നെ അനീഷ് ലോഡ്ജില്‍ നിന്നു കൊല്ലത്തേക്ക് പോയിരുന്നെന്നു സൂചനയുണ്ട്.
