കാസര്‍കോട്: ഈ കാട്ടില്‍ പുലി അല്ല. അതുറപ്പാണ്. കാരണം ഈ കാട് ജില്ലാ പഞ്ചായത്ത് ഓഫീസിനു തൊട്ടു മുന്നിലാണ്. അതു കളക്ടറേറ്റ് കോമ്പൗണ്ടിലാണ്. കളക്ടറേറ്റ് കോമ്പൗണ്ടില്‍ പൊലീസ് സ്റ്റേഷനും ജില്ലാ പഞ്ചായത്ത് കാര്യാലയവും സിവില്‍ സ്റ്റേഷനുമുണ്ട്. ഈ കോമ്പൗണ്ടിനു തൊട്ടടുത്തു ജില്ലാ കോടതി സമുച്ചയവുമുണ്ട്.
എന്നിട്ടും ഈ കാട്ടിനുള്ളില്‍ അസ്വാഭാവികമായി എന്തോ ഒന്നുണ്ടെന്നുറപ്പാണ്. പഞ്ചായത്തു വകുപ്പിന്റെ ജില്ലാ കാര്യാലയം ഇവിടെ സ്ഥാപിക്കും മുമ്പ് ഈ സ്ഥലം തരിശായ വെളിമ്പ്രദേശമായിരുന്നു. ഇക്കാലത്തെ എംഡിഎംഎ വേട്ട പോലെ അക്കാലത്തെ പ്രധാനവേട്ട പൂഴിയൂറ്റലിനും പൂഴി കടത്തിനും എതിരെയായിരുന്നു. അന്ന് അനധികൃതമായി പുഴകളില്‍ നിന്നും കടല്‍ത്തീരങ്ങളില്‍ നിന്നും കോരിയെടുത്ത് അനധികൃതമായി മണല്‍ കടത്തുന്ന എത്രയെത്ര വാഹനങ്ങള്‍ ദിവസന്തോറും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. അവയില്‍ എത്രയെണ്ണം തുരുമ്പു തിന്നുവെന്നും ഒടുവില്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തുറസ്സു സ്ഥലങ്ങളിലും ചുറ്റപ്പെട്ടു കിടന്ന കുറേയെണ്ണം വിറ്റു ഖജനാവിലേക്കു മുതല്‍ കൂട്ടിയെന്നും ആളുകള്‍ കണ്ടതാണ്. ഇതിനിടയില്‍ ഇത്തരത്തില്‍ പല വാഹനങ്ങളും പലേടത്തും ഇപ്പോഴും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്നു. അതിലൊന്നിനു ചുറ്റും ലോറിക്കുള്ളിലും വളര്‍ന്ന കാട് ഈ ലോറിയെ സാധാരണ കണ്ണു കൊണ്ട് കാണാനാവാത്ത വിധം മറക്കുകയായിരുന്നു. ഇതിനടുത്തു കൂടി ദിവസവും രാവിലെയും വൈകിട്ടും കയറിയിറങ്ങുന്ന ജീവനക്കാര്‍ക്കു ഇതൊരു മനസാക്ഷിക്കുത്തും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഈ ഓഫീസില്‍ സദാ എത്തുന്നുണ്ടെങ്കിലും അവരെയും ഇത് അലോസരപ്പെടുത്തിയിട്ടില്ല.

ഈ ലോറി അവിടെ അങ്ങനെയിട്ടു നശിപ്പിക്കുന്നതു കൊണ്ട് സര്‍ക്കാരിനുണ്ടാവുന്ന നേട്ടം ഈ കോമ്പൗണ്ടിലെ സര്‍ക്കാരിന്റെ കണക്കെടുപ്പുകാര്‍ തിട്ടപ്പെടുത്തിയിട്ടില്ലെന്നും കരുതേണ്ടി വരുന്നു. ഈ ലോറിയും ഇതു പോലെ മറ്റു വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു ചുറ്റും കിടന്നു നശിക്കുന്നതു കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമുണ്ടാവുന്നുണ്ടോ എന്ന് ആര്‍ക്കെങ്കിലും ആലോചിക്കാവുന്നതല്ലേ? സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ഇല്ലെന്നും പറയുന്ന സര്‍ക്കാരിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിടികൂടപ്പെടുന്ന വാഹനങ്ങള്‍ അപ്പോള്‍ത്തന്നെ ലേലം ചെയ്തു വില്‍ക്കുകയോ, ലോറി വിലയ്ക്കനുപാതമായ തുക ലോറി ഉടമയില്‍ നിന്ന് ഈടാക്കിയ ശേഷം അയാള്‍ക്കു തന്നെ വാഹനം വിട്ടു കൊടുക്കുകയോ ചെയ്താല്‍ സര്‍ക്കാരിനെങ്കിലും നേട്ടമാവില്ലേ? പറഞ്ഞിട്ടു കാര്യമില്ലല്ലോ. അത്തരമൊരു മനോഭാവമെങ്കിലും അതിനുണ്ടായല്ലേ പറ്റു.