മഞ്ചേശ്വരം: റബ്ബര്‍ തോട്ടം പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കമാണെന്നു പറയുന്നു, തോട്ടം ഉടമയ്‌ക്കെതിരെ വധശ്രമമെന്നു പരാതി. വധശ്രമത്തിനിടയില്‍ സാരമായി പരിക്കേറ്റ തോട്ടം ഉടമ വൊര്‍ക്കാടി തോക്കെ മേലേട് കുന്നില്‍ ഹൗസിലെ സജിമോന്‍ ജോസഫിനെ (55) മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വര്‍ഗീസ് ജോസഫ് എന്ന തങ്കച്ചനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു. സജിമോന്റെ റബ്ബര്‍തോട്ടം വര്‍ഗീസ് പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുകയായിരുന്നെന്നു പറയുന്നു. ഇന്നലെ രാവിലെ വര്‍ഗീസ് തോട്ടത്തിലെത്തിയപ്പോള്‍ പണം സംബന്ധിച്ചു തോട്ടമുടമ സജിമോന്‍ സംസാരിക്കുകയും അതു വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നെന്നു പറയുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമവും വധശ്രമവുമുണ്ടായതെന്നു പരാതിയില്‍ പറഞ്ഞു.
