കാസര്‍കോട്: വ്യാഴാഴ്ച നടന്ന പ്ലസ്ടു പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍മകജെ ഷേണി ശ്രീ ശാരദാംബ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 96 ശതമാനം വിജയത്തോടെ ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം ചെര്‍ക്കള മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌പെഷ്യല്‍ സ്‌കൂളിനാണ്.
ഷേണി സ്‌കൂളില്‍ 121 വിദ്യാര്‍ത്ഥികളാണ് രണ്ടു ബാച്ചുകളിലായി പരീക്ഷക്കിരുന്നത്. ഇതില്‍ 116 പേര്‍ വിജയിച്ചു. എല്ലാവര്‍ക്കും ഉപരിപഠനത്തിനു അര്‍ഹത ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ ഷേണി സ്‌കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2014ലാണ് ഷേണി ശ്രീ ശാരദാംബ സ്‌കൂളില്‍ പ്ലസ്ടു ആരംഭിച്ചത്. അന്നു മുതല്‍ സ്‌കൂള്‍ വിജയശതമാനത്തില്‍ മുന്നേറുകയായിരുന്നു. നേരത്തെ നടന്ന എല്ലാ പരീക്ഷകളിലും തുടര്‍ച്ചയായി 90 ശതമാനത്തിനടുത്തു വിജയശതമാനം സ്‌കൂള്‍ നിലനിറുത്തിയിരുന്നു. വിജയിച്ച 116 വിദ്യാര്‍ത്ഥികളില്‍ അഞ്ചു പേര്‍ക്ക് എ പ്ലസുണ്ട്. പത്തോളം കുട്ടികള്‍ക്ക് അഞ്ചു വിഷയങ്ങളില്‍ എ പ്ലസും ഒരു വിഷയത്തില്‍ എ ഗ്രേഡും ലഭിച്ചു.
ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ സ്‌കൂളിനെ അഭിമാനകരമായ വിജയത്തിലെത്തിച്ചത് മാനേജുമെന്റിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും ഒത്തൊരുമിച്ചുള്ള നിശ്ചയദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെയും ഫലമാണെന്നു പ്രിന്‍സിപ്പല്‍ ശാസ്ത കുമാര്‍ പറഞ്ഞു.
സ്‌കൂളിനു വിജയതിലകം ചാര്‍ത്തിയ വിദ്യാര്‍ത്ഥികളെയും അതിനവരെ പര്യാപ്തമാക്കിയ അധ്യാപകരെയും നാട്ടുകാരെയും പിടിഎയെയും സ്‌കൂള്‍ മാനേജറും എന്‍മകജെ പഞ്ചായത്തു പ്രസിഡന്റുമായ ജെ.എസ് സോമശേഖര അഭിനന്ദിച്ചു.