കാസർകോട്: ഹജ്ജ് കർമ്മം നിർവഹിക്കാൻ പോയ കാസർകോട് സ്വദേശി സൗദിയിൽ മരിച്ചു. എൻമകജെ പഞ്ചായത്തിലെ ഗുണാജെ മുണ്ട്യത്തടുക്ക സ്വദേശിയും റിട്ട. അധ്യാപകനുമായ ബാപ്പുഞ്ഞി(77) ആണ് മരിച്ചത്. വ്യാഴാഴ്ച ഹറം ശരീഫിനടുത്ത് വച്ചാണ് സംഭവം. മൃതദേഹം വ്യാഴാഴ്ച മദീനയിൽ ഖബറടക്കി. 6 ന് ഭാര്യ ആയിഷ, സഹോദരി മറിയമ്മ എന്നിവരോടൊപ്പമാണ് ഹജ്ജ് കർമ്മത്തിന് പോയത്. ഗുണാജെ വാർഡ് ലീഗ് പ്രസിഡൻ്റ്, പള്ളം ബദർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ജി.എച്ച്.എസ്.എസ്.കുമ്പള, ആദൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, അംഗഡി മുഗർ ഹയർ സെക്കൻഡറി, ഹേരൂർ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കാസർകോട് നെല്ലിക്കുന്ന് ഗവ.ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പാലായി സേവനമനുഷ്ടിച്ചാണ് സർവീസിൽ നിന്ന് വിരമിച്ചത്. മക്കൾ: മുഹമ്മദ് ശരീഫ്, അബ്ദുൽ അസീസ്, അബൂബക്കർ സിദ്ദീഖ് ഒളമുഗർ (മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), അബ്ദുൽ സത്താർ. മരുമക്കൾ: ശംഷീദ മിസ്രിയ, റമീന, ബുഷ്റ, ജുബൈരിയ്യ. എ.കെ.എം അഷറഫ് എംഎൽഎ വസതിയിലെത്തി അനുശോചിച്ചു.
