ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതം സിനിമയാകുന്നു. ‘കലാം; ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നു പേരു നൽകിയിട്ടുള്ള സിനിമയിൽ നടൻ ധനുഷാകും കലാമായി എത്തുക. സംവിധായകൻ ഓം റൗട്ടാണ് വിവരം പുറത്തുവിട്ടത്. “രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു. ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക്. വലിയ സ്വപ്നം.” എന്നാണ് സിനിമ പ്രഖ്യാപിച്ച് ഓം റൗട്ട് സമൂഹമാധ്യമത്തിൽ കുറിച്ചത്. പ്രഭാസ് നായകനായ ആദി പുരുഷ് ആണ് ഓം റൗട്ടിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ടി-സീരിസിന്റെ ബാനറിൽ അഭിഷേക് അഗർവാൾ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുക. ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്കു കലാം നൽകിയ സംഭാവനകളും രാഷ്ട്രപതിയായുള്ള പ്രവർത്തനവും സിനിമയിൽ ദൃശ്യവത്കരിക്കും.
