കാസര്‍കോട്: കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ കയറി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒന്‍പതു വയസ്സുള്ള മകനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. കൂഡ്‌ലു, ഹിദായത്ത് നഗര്‍, സെക്കന്റ് സ്ട്രീറ്റിലെ നാസിമ (32)യുടെ പരാതിയില്‍ തായലങ്ങാടി സ്വദേശി ഇസ്മയിലിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ നാസിമയുടെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പ്രതിയായ ഇസ്മയില്‍ കയറുന്നത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2024 ഒക്ടോബര്‍ 24ന് ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇത് ലംഘിച്ചാണ് ബുധനാഴ്ച രാവിലെ എട്ടിന് വീട്ടില്‍ കയറി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും മകനെ കൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
