കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി ഡെംമ്പു (37)വിന്റെതാണ് മൃതദേഹമെന്നാണ് ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡെംമ്പുവിന്റേതാണെന്നു ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനു ഡിഎന്‍എ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി മരിച്ചയാളുടെ മകനെ ബേക്കലിലേക്ക് വിളിച്ചിട്ടുണ്ട്. മെയ് 16ന് ആണ് നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കുവാന്‍ കഴിയൂവെന്നാണ് ഫോറന്‍സിക് വിഭാഗം പൊലീസിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഒരു കാല്‍ മുട്ടിന്റെ ചിരട്ട ഭാഗം സ്ഥാനം തെറ്റിയതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതു വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
മാലിന്യക്കുഴിക്കു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പണിക്കാണ് ഡെംമ്പു മെയ് അഞ്ചിന് ഒഡീഷയില്‍ നിന്നും എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നു രാത്രി താമസസ്ഥലത്ത് വച്ച് മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുകയും തലങ്ങും വിലങ്ങും ഓടുകയുമായിരുന്നുവത്രെ. ഇക്കാര്യം കൂടെ ഉണ്ടായിരുന്നവര്‍ നാട്ടിലുള്ള മകനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള സ്വഭാവം ഉണ്ടാകാറുണ്ടെന്നും അല്‍പ സമയത്തേക്ക് കൈകാലുകള്‍ കെട്ടിയിട്ടാല്‍ മതിയെന്നായിരുന്നു ഫോണ്‍ ചെയ്തവര്‍ക്ക് മകന്‍ നല്‍കിയ മറുപടിയെന്നു പറയുന്നു. ഇതനുസരിച്ച് കൈകാലുകള്‍ കെട്ടി താമസസ്ഥലത്ത് കിടത്തിയ ഡെംമ്പുവിനെ രാത്രി രണ്ടു മണിയോടെ കാണാതാവുകയായിരുന്നുവത്രെ. തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്നും പകല്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഭയം കാരണം കൂടെ താമസിച്ചിരുന്നവര്‍ രായ്ക്കുരാമാനം ജോലി ഉപേക്ഷിച്ച് താമസസ്ഥലത്ത് നിന്നു ഹൈദരാബാദിലേക്ക് കടന്നു കളയുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് അയക്കാന്‍ സാമ്പിള്‍ നല്‍കുന്നതിനായി മകന്‍ എത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.