-പി പി ചെറിയാന്‍
ബോസ്റ്റണ്‍: കോടതി ഉത്തരവ് ലംഘിച്ച് ഏഷ്യന്‍ കുടിയേറ്റക്കാരെ ട്രമ്പ് അഡ്മിന്‍ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതായി അഭിഭാഷകര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് പെട്ടെന്നു ലഭിച്ച നോട്ടീസിനെത്തുടര്‍ന്നാണ് നാടുകടത്തല്‍ പദ്ധതിയെ അറിഞ്ഞതെന്ന് നാടുകടത്തപ്പെട്ടവരുടെ അഭിഭാഷകര്‍ പറയുന്നു.
ഫെഡറല്‍ കോടതി ഉത്തരവ് ലംഘിച്ച് ട്രംപ് ഭരണകൂടം കുറഞ്ഞത് രണ്ട് കുടിയേറ്റക്കാരെയെങ്കിലും യുദ്ധബാധിതമായ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതായി അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഈ രണ്ടുപേരും മ്യാന്‍മറില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ളവരാണ്, അവരെ യുഎസ് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ, മറ്റ് 10വോളം നാടുകടത്തപ്പെട്ടവരും വിമാനത്തിലായിരുന്നുവെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ബോസ്റ്റണിലെ ഒരു ഫെഡറല്‍ ജഡ്ജിക്ക് നല്‍കിയ അടിയന്തര പ്രമേയത്തിലൂടെയാണ് അഭിഭാഷകര്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ട്രംപ് ഭരണകൂടം വിദേശ പൗരന്മാരെ അവരുടെ ജന്മദേശത്തേക്ക് അയയ്ക്കുന്നതിന് പകരം, ‘മൂന്നാം കക്ഷി രാജ്യങ്ങളിലേക്ക്’ അയയ്ക്കുന്നത് കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ട്രംപ് ഭരണകൂട നടപടി.
അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയും ദുര്‍ബലമായ മനുഷ്യാവകാശങ്ങളും കാരണം അമേരിക്കക്കാര്‍ ദക്ഷിണ സുഡാനിലേക്ക് യാത്ര ചെയ്യരുതെന്ന് 2025 മാര്‍ച്ചില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.