കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ മൊയോലത്തെ രേഷ്മ (17) കൊലക്കേസ് പ്രതിയുമായുള്ള തെളിവെടുപ്പ് തുടരുന്നു. കൊലപാതകം നടന്നതായി സംശയിക്കുന്ന അജാനൂര്‍ മഡിയനിലെ ക്വാര്‍ട്ടേഴ്‌സിലാണ് പ്രതിയായ പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസിനെ എത്തിച്ച് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് തുടരുന്നത്.
ചൊവ്വാഴ്ച പാണത്തൂര്‍, പവിത്രംകയയില്‍ ആണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൃതദേഹം ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയെന്നാണ് ബിജു പൗലോസ് മൊഴി നല്‍കിയിരുന്നത്. 2010ല്‍ തന്റെ വീടു നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയായിരുന്നു വെന്നും ഇതിനായി ഇറക്കിവച്ച ചെങ്കല്ല് കെട്ടിയാണ് മൃതദേഹം പുഴയില്‍ തള്ളിയതെന്നും ബിജുപൗലോസ് മൊഴി നല്‍കിയിരുന്നു. പ്രസ്തുത കല്ല് കണ്ടെത്തുന്നതിന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പാണത്തൂര്‍ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ തെളിവെടുപ്പിനു എത്തിക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.
വ്യാഴാഴ്ച വരെയാണ് ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. അതേ സമയം പ്രതിയായ ബിജു പൗലോസിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. പല കാര്യങ്ങളും മറച്ചു വയ്ക്കുകയാണെന്നും അവ പുറത്തു കൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.