കാസര്‍കോട്: മുറ്റമടിച്ച് കൊണ്ടിരിക്കുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ പ്രകാരം കേസെടുത്തു. ബദിയടുക്ക ഗോളിയടുക്ക സ്വദേശിയായ ഉമറുല്‍ സാബിത്തി(27)നെതിരെയാണ് കേസ്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. ‘സ്‌നാപ്പ് ചാറ്റെ”ന്ന ആപ്പിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെ യുവാവ് കാറുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ എത്തുകയും മുറ്റമടിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് മംഗ്‌ളൂരുവില്‍ എത്തി ഉമറുല്‍ സാബിത്ത് ഒരു ലോഡ്ജ് മുറ്റത്ത് കാര്‍ നിര്‍ത്തി മുറി അന്വേഷിച്ചു പോയത്രെ. അപകടം മണത്തറിഞ്ഞ പെണ്‍കുട്ടി വിവരം മാതാവിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയുമായി കാസര്‍കോട്ടേക്ക് തിരിക്കുകയും വീട്ടു പരിസരത്ത് ഇറക്കി വിട്ട ശേഷം രക്ഷപ്പെടുകയുമായിരുന്നുവത്രെ. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയതും പോക്‌സോ പ്രകാരം കേസെടുത്തതും. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
