കാസര്‍കോട്: അസഹനീയമായ കൊടുംചൂടിനിടയില്‍ കടന്നു വന്ന മഴയില്‍ ആശ്വസിക്കാന്‍ കാത്തിരുന്ന ജനങ്ങള്‍ ആദ്യ മഴയ്ക്കു തന്നെ റോഡിലിറങ്ങാന്‍ കഴിയാതെ വിഷമിച്ചു. ബുധനാഴ്ച രാവിലെ മഴ മാറിയപ്പോള്‍ കാസര്‍കോട് ബാങ്ക് റോഡില്‍ എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ പൊലീസ് സ്റ്റേഷനടുത്തു വരെ മുനിസിപ്പാലിറ്റിയുടെ ഓവുചാലില്‍ നിന്നു മാലിന്യം കലര്‍ന്ന വെള്ളം റോഡില്‍ വെള്ളപ്പൊക്ക പ്രതീതി സൃഷ്ടിച്ചു. റോഡില്‍ കൂടി നടന്നു പോവാന്‍ കഴിയാതെ യാത്രക്കാര്‍ വിഷമിച്ചു. വാഹനങ്ങള്‍ ഓടിച്ചു പോവുന്നുണ്ടായിരുന്നെങ്കിലും അതു കൊണ്ടു തെറിക്കുന്ന മലിനജലവും യാത്രക്കാര്‍ക്കു ഭീഷണിയാവുകയായിരുന്നു.

ടൗണില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി ആഹ്വാനം ചെയ്തതോടെ മാലിന്യങ്ങള്‍ ഓവുചാലിനു മുകളിലുള്ള സ്ലാബുകളില്‍ വിടവുണ്ടാക്കി ഓവുചാലുകളില്‍ തള്ളുന്നതു വ്യാപകമായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ തള്ളുന്ന മാലിന്യങ്ങള്‍ കെട്ടി നിന്നാണ് ഓവുചാല്‍ നിറഞ്ഞു കവിഞ്ഞു മഴവെള്ളത്തോടൊപ്പം മലിനജലവും റോഡില്‍ ഒഴുകുന്നതെന്നു പരാതിയുണ്ട്.