കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ മൊയോലത്തെ രേഷ്മ (17)യുടെ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ്ഗ് കോടതിയാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി. പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതിയെ പാണത്തൂരില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു തുടങ്ങി. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് പാണത്തൂര്‍, പവിത്രംകയ പുഴയില്‍ തെളിവെടുപ്പ് ആരംഭിച്ചത്. രേഷ്മയുടെ മൃതദേഹം ജീപ്പില്‍ കയറ്റി കൊണ്ടുപോയി കല്ലുകെട്ടി പവിത്രംകയയില്‍ തള്ളിയെന്നാണ് ബിജു പൗലോസ് നല്‍കിയ മൊഴി. മൃതദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും തെളിവുകള്‍ ലഭിക്കുമോയെന്നു പരിശോധിക്കാനാണ് തെരച്ചില്‍ ആരംഭിച്ചത്. 2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതിനിടയില്‍ രേഷ്മയെ കാണാതായത്. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രേഷ്മയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടുകയായിരുന്നു ഹൈക്കോടതി. ഐ.ജി. പി പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിജുപൗലോസിനെ കഴിഞ്ഞ ദിവസം മടിക്കേരി, അയ്യങ്കേരിയില്‍ വച്ച് അറസ്റ്റു ചെയ്തത്. അതേസമയം രേഷ്മയുടെ കൊലപാതകത്തിനു പിന്നില്‍ ഒരു ബാറുടമയ്ക്കു ബന്ധം ഉണ്ടെന്നു മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ചൂണ്ടികാണിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിച്ച ബിജുപൗലോസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.