കാസര്‍കോട്: കനത്ത മഴ അനുഭവപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡുകള്‍ അപകടമേഖലയായി മാറിക്കൊണ്ടിരിക്കുന്നു. റോഡുകള്‍ ഇടിഞ്ഞും വാഹനങ്ങള്‍ മണ്ണില്‍ താഴ്ന്നും മഴവെള്ളം കെട്ടിനിന്നും ദേശീയപാതയിലെ സര്‍വ്വീസ് റോഡുകള്‍ വഴിയുള്ള ഗതാഗതം മിക്ക ഭാഗങ്ങളിലും തടസ്സപ്പെട്ടു. ബൈക്കുകളും മറ്റും ഓടിച്ചു പോകാമെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയുമുണ്ടായ മഴയില്‍ മാവുങ്കാല്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ചെറിയ വാഹനങ്ങള്‍ കഷ്ടിച്ചു കടന്നു പോവുന്നുണ്ടെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ചെമ്മട്ടംവയലില്‍ പാലം പണി നടക്കുന്നതുകൊണ്ട് അതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്.
പെരിയ, കുറ്റിയടുക്കത്ത് കേന്ദ്രസര്‍വ്വകലാശാലക്കു സമീപം സര്‍വ്വീസ് റോഡില്‍ എടുത്തിട്ട മണ്ണില്‍ കണ്ണൂരില്‍ നിന്നു രാവിലെ മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് താഴ്ന്നു. ഇവിടെയും അരമണിക്കൂറിലധികം വാഹന ഗതാഗതം നിലച്ചു.
കാലിക്കടവില്‍ സര്‍വ്വീസ് റോഡില്‍ വെള്ളം കയറിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. പുല്ലൂരിലും സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. ചൊവ്വാഴ്ച അതിത്തീവ്രമഴയുണ്ടാവുമെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് മൂന്നറിയിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
