കാസർകോട്: ഉപ്പളയിലെ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ വാരം സ്വദേശിനി ഷാഹിന (48) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച നാലുപേർക്ക് പരിക്കേറ്റു. മരണപ്പെട്ട ഷാഹിനയുടെ മകൾ റിയാ ഫാത്തിമ(9)യെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഉപ്പളയിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. പിന്നാലെ ഒരു കാറിൽ ഇടിച്ച ആംബുലൻസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഷാഹിനയെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ, സഹോദരി ഷാജിന (45), അസീവ് (22), ആംബുലൻസ് ഡ്രൈവർ അക്രം എന്നിവർക്ക് പരിക്കേറ്റു.
സുന്നി യുവജന സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
