കാസർകോട്: മദ്രസയിൽ നിന്നു വീട്ടിലേയ്ക്ക് പോവുകയായിരുന്ന പത്തു വയസുള്ള പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.തിങ്കളാഴ്ച്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്രസയിൽ നിന്നു വീട്ടിലേയ്ക്കു പോവുകയായിരുന്നു പെൺകുട്ടി . ഇതിനിടയിൽ എത്തിയ ആൾ പെൺകുട്ടിക്ക് സമീപം ബൈക്ക് നിർത്തി. തുടർന്ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റുകയായിരുന്നുവെന്നു പറയുന്നു. യാത്രയ്ക്കിടയിൽ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്തുവത്രെ. വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു. അതിക്രമം കാണിച്ച ആളെ കണ്ടാൽ അറിയാമെന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്. തുടർന്ന് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
