ആലപ്പുഴ: യുവാവിനെ പ്രണയം നടിച്ച് വിളിച്ചു വരുത്തി ഒന്നരപവന്റെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ച യുവതിയും ഭർത്താവും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. എരമല്ലൂർ സ്വദേശി നിധിൻ, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്. തൈയ്ക്കാട്ടുശേരി സ്വദേശിയാണ് ഇവരുടെ വലയിൽ വീണത്. ജനറൽ ആശുപത്രിയിൽ വച്ചാണ് ഇയാളും അനാമികയും തമ്മിൽ പരിചയപ്പെടുന്നത്. പ്രണയം നടിച്ച അനാമിക ഇയാളെ ശനിയാഴ്ച രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനു സമീപം വിളിച്ചു വരുത്തി. മൂവരും ചേർന്ന് ഇയാളെ അക്രമിച്ച് ഭീഷണിപ്പെടുത്തി സ്വർണമാലയും മൊബൈലും കവരുകയായിരുന്നു. സ്വർണമാല കടയിൽ വിറ്റതായി ഇവർ പൊലീസിനു മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
