കൊച്ചി: വാളയാർ കേസിൽ ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നട്ടി. സിബിഐ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് നടപടി. കേസിൽ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ജീവനൊടുക്കിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഏപ്രിൽ 2നാണ് ഇവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്. വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിനും ഇവർക്ക് ഇളവ് നൽകിയിരുന്നു.
വാളയാർ പെൺകുട്ടികളിൽ മൂത്തസഹോദരിയെ 2017 ജനുവരി 13നും ഇളയസഹോദരിയെ മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളുടെ മുന്നിൽവച്ച് അമ്മയുമായി ഒന്നാം പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയകുട്ടിയെ ഒന്നാം പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അമ്മയ്ക്കറിയാമായിരുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യാൻ മാതാപിതാക്കൾ ഇട്ടു കൊടുക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിക്കുന്നു.
